Add to Book Shelf
Flag as Inappropriate
Email this Book

ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് : Sri Guru Granth Sahib - An abridged translation in Malayalam language, Volume 1,134KB: Sri Guru Granth Sahib - An abridged translation in Malayalam language

By Tarakkad, Balan , -

Click here to view

Book Id: WPLBN0100750093
Format Type: PDF (eBook)
File Size: 1.11 MB.
Reproduction Date: 2/2/2024

Title: ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് : Sri Guru Granth Sahib - An abridged translation in Malayalam language, Volume 1,134KB: Sri Guru Granth Sahib - An abridged translation in Malayalam language  
Author: Tarakkad, Balan , -
Volume: Volume 1,134KB
Language: Malayalam
Subject: Non Fiction, Religion, ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് (Sri Guru Granth Sahib)
Collections: Authors Community, Religion
Historic
Publication Date:
2024
Publisher: Self
Member Page: Balan Tarakkad

Citation

APA MLA Chicago

Tarakkad, B. -. (2024). ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് : Sri Guru Granth Sahib - An abridged translation in Malayalam language, Volume 1,134KB. Retrieved from http://gutenberg.cc/


Description
സമർപ്പണം ~~~~~~~~~ ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് സിഖ് മതത്തിൻെറ മുഖ്യ ഗ്രന്ഥമാണ്. സിഖ് മതത്തിൻെറ പത്താമത്തെ ഗുരുവായ ശ്രീ ഗുരു ഗോബിന്ദ് സിംഗ്, ഈ ഗ്രന്ഥത്തെ ഭാവിയിലെ ശാശ്വത ഗുരുവായി പ്രതിഷ്‍ഠിച്ചു. ഈ ഗ്രന്ഥത്തിന്ന്, ഗുരുവിന്നു തകുന്ന ആദരവുകൾ കൊടുത്തു, പാരായണം ചെയ്യണമെന്ന് സിഖ് മതത്തിൽ നിർദ്ദേശിച്ചുട്ടുണ്ട്. ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് പാരായണം ചെയ്യുമ്പോൾ, ശ്രദ്ധാ-ഭക്തിഭാവത്തോടെയും, നമ്രശിരസ്സോടും, തലമുടി മറച്ചും, ഇരിക്കണം. തലമുടി മറക്കാൻ, സാരിയുടെ തലപ്പോ(അററമോ), ഉത്തരീയമോ, തൊപ്പിയോ, വലിയ റൂമാലോ ഉപയോഗിക്കാം. ശ്രീ ഗുരു ഗ്രന്ഥ് സാഹേബിൻെറ ഈ വിവർത്തനം വളരെ ചുരുക്കമായതാണ്. ശ്രീ ഗുരു ഗ്രന്ഥ് സാഹേബിൽ ഓരോരു ജീവിത തത്വങ്ങളേയും, ഓരോരു ജീവിത സത്യങ്ങളേയും, ഓരോരു തത്വചിന്തകളേയും, വിവിധ വാക്യങ്ങളിലും, വിവിധ വൃത്തങ്ങളിലും, വിവിധ രാഗങ്ങളിലും, വർണ്ണിച്ചിരിക്കുന്നു. ഈ മഹത്ഗ്രന്ഥത്തെ, പദാനുപദവും, വാക്യാനുവാക്യവും, വൃത്താനുവൃത്തവും, സമ്പൂർണ്ണമായി വിവർത്തനം ചെയ്യുവാൻ ആവശ്യമായ മലയാളഭാഷയിലെ വിജ്ഞാനം എനിക്കില്ല. ( മലയാളവും, ഇഗ്ലീഷും മാട്രിക്കുലേഷൻ വരെയും, ഹിന്ദി ജോലിയിൽ ഉളളപ്പോഴും പഠിച്ചതാണ്.) അതു കാരണം എളുപ്പമായ മലയാളത്തിൽ, സംക്ഷിപ്‍തമായി വിവർത്തനം ചെയ്യുവാൻ, സത്ഗുരുവിൻെറ അനുഗ്രഹം കിട്ടി. പ്രൊഫസ്സർ ശ്രീ സാഹിബ് സിംഗിൻെറയും, ശ്രീ ഭൂപിന്തർ സിംഗ് ഭായിഖെലിൻെറയും ഹിന്ദി വിവർത്തനവും, ഡോക്‍ടർ കുൽബീർ ഥിണ്ട്, ഡോക്‍ടർ സൻത് സിംഗ് ഖാൽസാ, ഖാൽസാ കൺസെൻസസ് എന്നീവരുടെ ഇംഗ്ലീഷ് വിവർത്തനവും, താരതമ്യപ്പെടുത്തിയാണ്, ഈ മലയാള വിവർത്തനം ചെയ്‍തതു. അവർ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. അക്ഷരപ്പിഴകളും, വ്യാകരണത്തെററുകളും, ക്ഷമിക്കുവാൻ ഭക്തജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വാഹെ ഗുരു ! വാഹെ ഗുരു ! ~~~~~~~~~~~~~~~~~~~~~

Summary
ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് സിഖ് മതത്തിൻെറ മുഖ്യ ഗ്രന്ഥമാണ്. (Sri Guru Granth Sahib is the Holy Book of Sikh religion).

Excerpt
സുഖ്‍മണി സാഹേബ് ~~~~~~~~~~~~~~~~~ [ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി രചിച്ചതാണ്. മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം, "സുഖ്‍മണി സാഹേബ്" എന്ന നാമത്താൽ വിളങ്ങുന്നു. ] ഓംകാരസ്വരൂപനും, സർവ്വവ്യാപിയും, സത്യസ്വരൂപനും, ആയ ആസത്ഗുരുവിനെ ഞാൻ സാഷ്‍ടാംഗം നമസ്‍കരിക്കുന്നു. പരമാത്മാവിൻെറ നാമസ്‍മരണത്താൽ മനശ്ശാന്തി ലഭിച്ചു, എൻെറ ദേഹത്തിലെ അസുഖങ്ങളെല്ലാം ശമിച്ചു. ലോകരക്ഷകനായ ഹരിയുടെ അസംഖ്യം നാമങ്ങൾ, അനേകം ജീവികൾ ജപിക്കുന്നതുപോലെ ഞാനും ജപിക്കാം, വേദ-ശാസ്ത്ര-പുരാണ-സ്‍മൃതികൾ ഈശ്വരൻെറ നാമം സർവ്വ സമയങ്ങളിലും വളരെ പവിത്രമായി ഘോഷിക്കുന്നു. ഏതൊരു മനസ്സിൽ ഹരിനാമം, ഒരു കണം മാത്രം ഇരുന്നാലും, ആ ജന്മം സഫലമാവുന്നതുപോലെ, എൻെറയും ആകണേ. സുഖ്‍മണിയായ നാമാമൃതം മനശ്ശാന്തി നൽകുന്നു; ഈശ്വരഭക്തർ ആനന്ദസാഗരത്തിൽ വസിക്കുന്നു; ജനനമരണ ദുഖങ്ങൾ അവരെ അലട്ടുകയില്ല; അവരുടെ ശത്രുക്കളും, തടസ്ഥങ്ങളും അകലുന്നു; അവർ അഹോരാത്രം ഈശ്വരസ്‍മരണയിൽ നിൽക്കുന്നതിനാൽ, ഭയ-ഭീതികളോ, ദുഖങ്ങളോ അവരുടെ മനസ്സിനെ ബാധിക്കുന്നില്ല. പ്രഭുവിൻെറ ധ്യാനം പുണ്യാത്മാക്കളുടെ കൂടെ ചെയ്താൽ, പ്രഭുവിൻെറ സ്നേഹവും, ആത്മശക്തിയും, നവനിധികളും നേടി, ദ്വന്ധഭാവങ്ങൾ നീങ്ങി, ഭക്തിഭാവങ്ങൾ വരുന്നു. ഈശ്വരസ്മരണം തീർത്ഥസ്നാനത്തിന്നു തുല്യമാണ്, ഭക്തൻ സത്ഗുണ സമ്പന്നനായി, പ്രഭുവൻെറ സാന്നിദ്ധ്യം നേടുന്നു. ഈശ്വരൻെറ നാമസ്‍മരണം ഉത്തമമായ കർമ്മമാണ്, മനോവികാരങ്ങൾ അടങ്ങി, ശാന്തി കിട്ടുന്നു. ജനന-മരണ ഭയങ്ങൾ മനസ്സിനെ അലട്ടുകയില്ല മനസ്സ് ശുദ്ധമായി, പ്രഭുവിൻെറ നാമം സ്ഥിരമാകുന്നു ഈശ്വരവിശ്വാസികൾ ധനസമൃദ്ധരും, ബഹുമാനിതരും, ആദരണീയരും, സന്മനസ്സുളളവരും, സന്മാർഗ്ഗികളും, ജനന-മരണ ഭയമില്ലാത്തവരും ആയി ജീവിക്കുന്നു, ഓ, നാനൿ, അവരുടെ ചരണസ്‍പർശം മുക്തിദായകമാണ്. ഈശ്വരഭക്തർ പരോപകാരികളും, പ്രസന്നവദനരും, ശാന്തസ്വഭാവികളും, ആത്മനിയന്ത്രിതരും, സന്മാർഗ്ഗചാരികളും ആയി ഭൂമിയിൽ വസിക്കുന്നു. ഓ, നാനൿ, അവരെ ഓർമ്മിക്കുകയും, ആദരിക്കുകയും ചെയ്യു. നാമസ്‍മരണത്താൽ കാർയ്യസിദ്ധിയും, സന്തോഷവും, സ്ഥിരമനസ്സും ലഭിച്ച്, ഹൃദയകമലം വികസിക്കുന്നു. ജീവിതത്തിൽ അപാരമായ ശാന്തത ലഭിക്കുകയും, ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുന്നു. ഓ, നാനൿ, ആ ഭക്തരെ ആദരിക്കു, അനുചരിക്കു. ധ ചെയ്‍തു, ഋഷികൾ വേദങ്ങൾ രചിച്ചു; നാമസ്‍മരണം ചെയ്യുന്നവർ സിദ്ധന്മാർ ആവുന്നു; നാമസ്‍മരണം ചെയ്യുന്നവർ ഉന്നതി പ്രാപിക്കുന്നു; നാമസ്‍മരണത്താൽ സകല ലോകങ്ങളും ഉത്ഭവിച്ചു; നാമസ്‍മരണത്താൽ സർവ്വജീവികളും സൃഷ്ടിക്കപ്പെട്ടു; ഈശ്വരൻ നിരാകാരനായാലും, നാമസ്‍മരണം ചെയ്യാം! ഹേ, എല്ലാ ശരീരങ്ങളിലും വിളങ്ങുന്ന പരമാത്മാവേ, അനാഥകളുടെ നാഥാ, ദുഖ നിവാരണാ, സത്യസ്വരൂപാ, ഗുരു നാനക്കിൻെറ ഭക്തിമയമായ വാക്യങ്ങളാൽ, ഞാൻ അങ്ങയുടെ നാമം സ്മരണം ചെയ്യുന്നു. ഓ, എൻെറ മനസ്സേ, നിൻെറ അന്ത്യസമയം വരുമ്പോൾ, നിൻെറ മാതാവോ, പിതാവോ, ഭാർയ്യയോ, മക്കളോ, ബന്ധുജനങ്ങളോ, മിത്രങ്ങളോ, ആരു നിന്നെ അനുഗമിക്കും? ആ ഓംകാരപുരുഷൻെറ നാമം മാത്രമേ നിൻെറ കൂടെ വരൂ! ജീവിതത്തിൽ ദുഖങ്ങൾ അതിക്രമിച്ചാൽ, യാതൊരു പൂജാവിധികളും സഫലമാവുകയില്ല; സർവ്വേശ്വരൻെറ നാമസ്‍മരണം പാപനാശനവും, സന്തോഷപ്രദവും, ശാന്തിദായകവും ആയി വരും. ഒട്ടേറെ സമ്പത്തുകൾ കിട്ടിയാലും, രാജാവായി വാണാലും, മോഹങ്ങൾ നിറഞ്ഞ മനസ്സിന്ന് തൃപ്‍തി കിട്ടുകയില്ല. നാമസ്‍മരണത്താലേ മനശ്ശാന്തി ലഭിക്കൂ. ഓ, നാനൿ, അന്തിമയാത്രയിൽ നീ തനിച്ചായിരിക്കും; നാമം ജപിക്കൂ; നിൻെറ മാർഗ്ഗദർശിയായിരിക്കും! അസംഖ്യം ദുർഭാഗ്യങ്ങൾ ജീവിതത്തിൽ വന്നാലും, നാമസ്മരണത്താൽ അവയെ നിനക്കു തരണം ചെയ്യാം. അസംഖ്യം ജന്മങ്ങളിൽ കിടന്നുഴന്നാലും, ഈശ്വരൻെറ നാമജപം മുക്തി നൽകുന്നു. ദീർഘമായതും, കൂരിരുട്ടു നിറഞ്ഞതും, സഹചാരികളായി ആരും ഇല്ലാത്തതും, അസഹ്യമായ ഉഷ്ണമുളളതും, തൊണ്ടയെ വരട്ടുന്ന ദാഹമുളളതും, ആയ കഠിനമായ ആ ജീവിതയാത്രയിൽ, ഓ, മനസ്സേ, ഈശ്വരനാമം മാർഗ്ഗദർശിയായും, തണുത്ത വെളളമായും, ആലമരത്തണലായും, നിന്നെ രക്ഷിക്കും! നാമസ്‍മരണം അത്യുത്തമം! ഈശ്വരൻെറ നാമം സ്വർഗ്ഗത്തിലെ പാരിജാതവൃക്ഷവും, എല്ലാ ഇച്‍ഛകളേയും പൂരിപ്പിക്കുന്ന കാമധേനുവും ആണ്. ഈശ്വരൻെറ നാമം ഭക്തജനങ്ങൾക്കു ഒരു ദിവ്യ ഔഷധവും, അനശ്വര സമ്പത്തും, സുഖ-ശാന്തിദായകവും, വിഘ്നനാശനവും, മുക്തിമാർഗ്ഗവും, ആയി വിളങ്ങുന്നു. ഏതൊരുവൻ മനസ്സിലെ അഹങ്കാരം ത്യജിച്ചും, വിനയസ്വഭാവത്തോടെ ജീവിക്കുന്നുവോ, എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കുന്നുവോ, സത്കർമ്മങ്ങൾ എപ്പോഴും ചെയ്യുന്നുവോ, സുഖ-ദുഖങ്ങളെ സമമായി വീക്ഷിക്കുന്നുവോ, അവൻ ഉത്തമമായി ജീവിച്ച്, മുക്തിനേടുന്നു. എല്ലാ മതങ്ങളെക്കാളും, ഉത്തമമായ മതം ഈശ്വരനാമജപവും, സത്യനിഷ്‍ടയും ആണ്. എല്ലാ ആചാരങ്ങളെക്കാളും, ഉത്തമമായ ആചാരം അഹങ്കാരം ത്യജിച്ച്, ശുദ്ധമനസ്സോടെ ജീവിക്കുന്നതാണ്. എല്ലാ ഉദ്യമങ്ങളെക്കാളും, ഉത്തമമായ ഉദ്യമം ഈശ്വരനാമജപം ഹൃദയത്തിൽ സ്ഥാപിക്കുന്നതാണ്. എല്ലാ സ്‍ഥലങ്ങളെക്കാളും, ഉത്തമമായ സ്‍ഥലം ഈശ്വരൻെറ വാസസ്‍ഥലമായ ആ ഹൃദയമാണ്. ഓ, മൂഢ മനസ്സേ, നിന്നെ സൃഷ്‍ടിച്ച ഈശ്വരനെ ഓർമ്മിക്കു; നീ എവിടെ നിന്ന് വന്നു, നിൻെറ രൂപം എന്തായിരുന്നു? ഈശ്വരൻ നിന്നെ ഒരു രൂപം തന്ന് സൃഷ്‍ടിച്ചു; ഗർഭകോശത്തിലെ അഗ്നിയിൽ നിന്ന് രക്ഷിച്ചു; ശൈശവത്തിൽ നിനക്ക് അമ്മയുടെ മുലപ്പാൽ തന്നു; കൌമാരത്തിൽ ബുദ്ധിയും, ആഹാരവും, സുഖവും തന്നു; യൌവനത്തിൽ കുടുബവും, സ്നേഹിതരേയും തന്നു; വാർദ്ധ്യക്കത്തിൽ മക്കളാൽ ശുശ്രൂഷയും,വിശ്രമവും നൽകി. ഓ,നാനൿ, ഈശ്വരൻെറ മഹിമകളെ കീർത്തിക്കു, നിൻെറ അന്തിമയാത്ര സുഖപ്രദമായി വരും! ഈശ്വരാനുഗ്രഹത്താൽ നീ സുഖമായി വസിക്കുന്നു; നിൻെറ പുത്രമിത്രകളത്രങ്ങളോടെ സന്തോഷിക്കുന്നു; ശീതള ജലം, മന്ദമാരുതം, അമൂല്യമായ അഗ്നി, എന്നിങ്ങനെ ആവശ്യമുളളതെല്ലാം അനുഭവിക്കുന്നു; നിൻെറ പഞ്ചേന്ത്രിയങ്ങളും ഈശ്വരൻ തന്നതാണ്; എന്നിട്ടും, നീ അവനെ സ്മരിക്കാതെ അലഞ്ഞു തിരിയുന്നു. ചിലർ മനുഷ്യർ ആയാലും, മൃഗങ്ങളെപ്പോലെ നടിക്കുന്നു; പുറമെ നല്ല വസ്ത്രങ്ങൾ ധരിച്ചിരുന്നാലും, അകത്ത് ലോഭ-മോഹങ്ങൾ നിറഞ്ഞിരിക്ക്ന്നു; മററുളളവരെ ദൂഷിച്ചും, ശപിച്ചും ജീവിക്കുന്നു; പുറത്ത് ധ്യാനവും, അകത്ത് മോഹവും; ഇത്രയും ഭാരങ്ങൾ വഹിച്ചു കൊണ്ട്, അവർ എങ്ങനെ സംസാരസാഗരം കടക്കും? ശബ്‍ദം കേട്ടാലും, അന്ധന്ന് വഴി കാണുമോ? അവൻെറ കൈ പിടിച്ചു കൊണ്ടു പോവുകയല്ലേ വേണ്ടത്? ഒരു പ്രശ്‍നം പറഞ്ഞാൽ, ബധിരന്നു മനസ്സിലാവുമോ? 'രാത്രി' എന്നു പറഞ്ഞാൽ, അവൻ 'പകൽ' എന്നു ധരിക്കും. ഒരു ഊമക്കു ഭഗവത് കീർത്തനങ്ങൾ പാടുവാൻ കഴിയുമോ? അവൻെറ ശബ്‍ദം പ്രതികൂലമായ് വരുമല്ലോ? ഒരു മുടന്തന്ന് മല കയറുവാൻ കഴിയുമോ? ഓ കർത്താവേ, ദയാനിധേ, അവരെ കടാക്ഷിക്കു! അങ്ങയുടേ നാമം അവർക്ക് ഒരു ആധാരം ആവട്ടേ! ഒട്ടേറെ മനുഷ്യർ മനോരാജ്യത്തിൽ വസിക്കുന്നു, സുഖഭോഗങ്ങളിൽ മുഴുകി, ജീവിതം നഷ്‍ടമാക്കുന്നു; ഓ, നാനൿ, അവരെ ഉദ്ധരിക്കു, ഈശ്വരവിശ്വാസികളാക്കൂ. #*# ഹേ, പ്രഭോ! അങ്ങുന്ന് എല്ലാ ജീവികളുടെയും രക്ഷകനാണ്! ഞങ്ങൾ അങ്ങയുടെ പാദങ്ങളിൽ ശരണം അടയുന്നു! ഈ ദേഹവും, ദേഹിയും അങ്ങയുടെ കൃപയാൽ ലഭിച്ചതല്ലേ? അങ്ങുന്ന് അല്ലേ ഞങ്ങളുടെ മാതാവും, പിതാവും? അങ്ങയുടെ കൃപയാൽ അല്ലേ ഞങ്ങൾക്ക് സുഖജീവിതം ലഭിച്ചത്? അങ്ങയുടെ ആദിയും, അന്തവും ആർക്ക് അറിയുവാൻ കഴിയും? എന്തെന്നാൽ, അങ്ങുന്ന് സർവ്വേശ്വരനും സർവ്വവ്യാപിയും അല്ലേ? ലോകങ്ങളെല്ലാം, അങ്ങുന്ന് ഓരേ ചരടിൽ കോർത്തത് അല്ലേ? സൃഷ്‍ടികളെല്ലാം, അങ്ങയുടെ ആജ്ഞയാൽ അല്ലേ ചലിക്കുന്നത്? അങ്ങയുടെ മഹിമകൾ, അങ്ങക്കു മാത്രമേ അറിയൂ! ഹേ, പ്രഭോ! നാനൿ അങ്ങയെ ശരണം പ്രാപിക്കുന്നു! #*# [ ഈ പ്രാർത്ഥനാ ഗുരുദ്വാരയിൽ (സിഖ് ക്ഷേത്രം), കീർത്തനങ്ങളുടെ സമാപ്‍തിയിൽ എല്ലാ ഭൿതന്മാരും ഒരുമിച്ച് പാടി, സത്ഗുരുവിൻെറ അനുഗ്രഹം നേടുന്നു.] പ്രഭുവിൻെറ അനുഗ്രഹത്താൽ പത്തു വസ്‍തുക്കൾ ലഭിച്ചിട്ടും, പ്രഭുവിന്ന് നന്ദി പറയുവാൻ അവൻ ഓർത്തില്ല. പക്ഷേ, ഒരു വസ്‍തു കിട്ടിയില്ലെങ്കിൽ, വിശ്വാസം ത്യജിച്ചു, പ്രഭുവിനെ കുററം പറയുന്നതിന്നു അവൻ മറന്നില്ല. കാരണവശാൽ, പ്രഭു അവന്ന് ആ വസ്‍തു കൊടുക്കാതേ, കൊടുത്തിരിക്കുന്ന പത്തും മടക്കി എടുത്താൽ, ഓ, നാനൿ, പറയൂ: ആ മൂഢന്ന് എന്തു ചെയ്യുവാൻ കഴിയും? സർവ്വേശ്വരനേ നിർബദ്ധിക്കുവാൻ കഴിയുകയില്ല; സർവ്വേശ്വരനേ ശരണം പ്രാപിക്കുന്നതാണ് ഉത്തമം. ഏതൊരുവൻെറ മനസ്സ് പ്രഭുവിൽ ലയിച്ചിരിക്കുന്നുവോ, അവന്ന് സർവ്വ സമ്പത്തുകളും ലഭിക്കുന്നു. ഈശ്വരൻ മനുഷ്യന്ന് അസംഖ്യം സമ്പത്തുകൾ നൽകുന്നു; അതെല്ലാം അനുഭവിച്ച് അവൻ സുഖമായി ജീവിക്കുന്നു. ചില വസ്‍തുക്കളെ ഈശ്വരൻ തിരിച്ചെടുത്താൽ, അവൻ കോപിഷ്‍ഠൻ ആയി, സ്വയം നശിക്കുന്നു. ഏതൊരുവൻ എല്ലാ സമ്പത്തുകളേയും ഈശ്വരൻെറ അനുഗ്രഹമായി കരുതുന്നുവോ, അവന്ന് ഈശ്വരൻ പതിന്മടങ്ങ് കൊടുക്കുന്നു. ഒരു മരത്തിൻെറ തണൽ മെല്ലെ മെല്ലെ നീങ്ങുന്നതു പോലെ, മായാമോഹങ്ങളും മെല്ലെ മെല്ലെ അകന്നു പോവുന്നു. അതേ പോലെത്തന്നെ, ജീവിതയാത്രയിൽ കാണുന്നതെല്ലാം. പ്രഭുവിൻെറ നാമം മാത്രമേ സ്ഥിരമായി നിൽക്കുകയുളളു! ഓ, മനുഷ്യാ, നിൻെറ ശരീരം, ബന്ധുമിത്രങ്ങൾ, സമ്പത്തുകൾ, യൌവനം, ശക്തി, അധികാരം, ലൈംഗികസുഖം, കോപം, ഭംഗിയായ വസ്ത്രങ്ങൾ, വാഹനങ്ങൾ, കൊട്ടാരങ്ങൾ, എന്നിങ്ങനെ അസംഖ്യം വസ്‍തുക്കൾ നിന്നെ അനുഗമിക്കില്ല. ഈശ്വരൻെറ നാമം മാത്രം, നിൻെറ സഹചാരി ആയി വരും! പരനിന്ദകൾ കേൾക്കുന്ന ചെവികൾ വ്യർത്ഥമാണ്; പരസമ്പത്തു അപഹരിക്കുന്ന കൈകൾ വ്യർത്ഥമാണ്; പരസ്ത്രീകളെ കാമത്തിൽ നോക്കുന്ന നേത്രങ്ങൾ വ്യർത്ഥമാണ്; എപ്പോഴും ഖാദ്യപദാർത്ഥങ്ങളെ രുചിക്കുന്ന നാവ് വ്യർത്ഥമാണ്; പരദ്രോഹത്തിന്നായി നടക്കുന്ന കാലുകൾ വ്യർത്ഥമാണ്; പരദ്രവ്യത്തിൽ അസൂയ ഉളള മനസ്സ് വ്യർത്ഥമാണ്; അഴിമതികളിൽ മുഴുകിയ ബുദ്ധി വ്യർത്ഥമാണ്; പരോപകാരം ചെയ്യാത്ത ശരീരം വ്യർത്ഥമാണ്; ഓ, നാനൿ, നാമസ്‍മരണം ചെയ്യുന്ന ശരീരം ധന്യമാണ്! ഈശ്വരവിശ്വാസം ഇല്ലാത്ത ജീവിതം ശൂന്യമാണ്; നാമസ്‍മരണവും, സത്യവും ഇല്ലാത്തവൻ അന്ധനാണ്; മഴയില്ലെങ്കിൽ വിത്തു മുളക്കുമോ? ലുബ്‍ദൻെറ സ്വത്തു മുഴുവൻ ഉപയോഗശൂന്യമല്ലേ? പ്രസംഗിക്കുന്നത് ഒന്നും, ചെയ്യുന്നതു വേറെയും ആയാൽ, അവനെ പൊതുജനങ്ങൾ എങ്ങനെ വിശ്വസിക്തും? കാമ-ക്രോധ-ലോഭ-മദ-മാത്സർയ്യങ്ങളും, അഹങ്കാരവും ഒഴിഞ്ഞ മനസ്സിനെ സത്ഗുരു അനുഗ്രഹിക്കുന്നു. ബ്രഹ്മജ്ഞാനി സംസാരബന്ധങ്ങളിൽ നിന്നു മുക്തനും, സാത്വീക ജീവിതം നയിക്കുന്നവനും, ആത്മജ്ഞാനിയും, അമൃതം ചൊരിയുന്ന നേത്രങ്ങൾ ഉളളവനും, സദാസമയവും ഈശ്വരധ്യാനത്തിൽ മുഴുകിയവനും, ആയി ഇഹലോകത്തിൽ വസിക്കുന്നു. ബ്രഹ്മജ്ഞാനി ദൃഢവിശ്വാസിയും, നമ്രസ്വഭാവനും, പരോപകാരിയും, മനസ്സിനെ നിയന്ത്രിച്ചവനും, സമുദായത്തിൻെറ നന്മക്കു വേണ്ടി പ്രയത്നിക്കുന്നവനും, സർവ്വജീവികളിലും സ്നേഹത്തോടെ വസിക്കുന്നു. ബ്രഹ്മജ്ഞാനി ഈശ്വരപ്രേമത്തിൽ മുഴുകി, ഈശ്വരൻെറ നാമം ആധാരവും, കുടുംബവും ആയി കരുതി, മനസ്സിൽ നിന്ന് അഹങ്കാരത്തെ നീക്കി, ശാന്തമനസ്സോടെ ഈശ്വരധ്യാനം ചെയ്‍തു, ശാശ്വതമായ ആനന്ദം നേടുന്നു, ബ്രഹ്മജ്ഞാനി ശാന്തമനസ്സോടെ ജീവിക്കുന്നു; മനുഷ്യർക്കു സത്യവചനങ്ങൾ ഉപദേശിക്കുന്നു; ആത്മശാന്തിക്കുളള മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കുന്നു; അനാഥകൾക്കു ഒരു നാഥനായി വസിക്കുന്നു; എല്ലാവർക്കും സഹായഹസ്‍തം കൊടുത്ത്, മനസ്സിൽ ഈശ്വരവിശ്വാസം നിറക്കുന്നു. ഓ, നാനൿ, സർവ്വേശ്വരൻെറ നാമം ഹൃദയത്തിൽ സ്ഥിരമാക്കി, എല്ലാ ജീവജാലങ്ങളിലും, പരമാത്മാവിനെ കാണുന്ന യോഗി, എല്ലവരേയും സംസാരസാഗരം കടത്തുവാൻ ശ്രമിക്കുന്നു. ആരുടെ നാവ് അസത്യത്താൽ ദൂഷിതമല്ലയോ, ആരുടെ മനസ്സിൽ ഈശ്വരഭക്തി നിറഞ്ഞിരിക്കുന്നുവോ, ആരുടെ നേത്രങ്ങൾ പരസ്ത്രീകളെ ഉററു നോക്കുന്നില്ലയോ, ആരുടെ ചെവികൾ പരദൂഷണങ്ങൾ കേൾക്കുന്നില്ലയോ, ആരുടെ മനസ്സിൽ അഹങ്കാരവും, അസൂയയും ഇല്ലയോ, ആരുടെ മനസ്സിൽ ദുഷ്‍ടചിന്തയും, കാമവികാരവും ഇല്ലയോ, ഓ,നാനൿ, അവനാണ് 'വൈഷ്‍ണവൻ', ഭഗവദ്പ്രിയൻ! ആ വൈഷ്‍ണവൻ മായാമോഹങ്ങളിൽ കുടുങ്ങന്നില്ല, കർമ്മഫലം കാംക്ഷിക്കാതെ, സത്കർമ്മങ്ങൾ ചെയ്യുന്നു. ഏതു ജീവജാലങ്ങളേയും ഹിംസിക്കുന്നില്ല, എല്ലാവരേയും ഈശ്വരനാമം ജപിക്കുവാൻ പ്രേരിപ്പിക്കുന്നു. ഓ,നാനൿ, അവൻ ഈശ്വരനിൽ ലയിച്ച് പരമഗതി നേടുന്നു. ഏതൊരുവന്ന് സുഖവും, ദുഖവും സമമാണോ, സ്വർണ്ണവും, മണ്ണും സമമാണോ, അമൃതും, വിഷവും സമമാണോ, പ്രശംസയും, നിന്ദയും സമമാണോ, രാജാവും, യാചകനും സമമാണോ, ഓ, നാനൿ, അവനാണ് ജീവൻ മുക്തൻ! അസംഖ്യം മനുഷ്യർ ഈശ്വരൻെറ ഭക്തരായി, മതാചാരങ്ങളും, തീർത്ഥാടനങ്ങളും ചെയ്യുന്നു; അസംഖ്യം മനുഷ്യർ സന്യാസികളായി വനവാസം ചെയ്യുന്നു; അസംഖ്യം മനുഷ്യർ വേദപാരായണം ചെയ്യുന്നു; അസംഖ്യം മനുഷ്യർ ധ്യാനത്തിൽ മുഴുകിയിരിക്കുന്നു; അസംഖ്യം മനുഷ്യർ ഈശ്വരകീർത്തനങ്ങൾ പാടുന്നു; എന്നാലും ആരും ഈശ്വരൻെറ സീമകൾ അറിഞ്ഞിട്ടില്ല! അസംഖ്യം മനുഷ്യർ സ്വാർത്ഥികളും, അജ്ഞാനികളും, ലുബ്‍ധന്മാരും, പരധനങ്ങൾ മോഷ്‍ടിക്കുന്നവരും, ദയാദാക്ഷിണ്യമില്ലാതെയും, പരദൂഷണം ചെയ്‍തും, മായാമോഹങ്ങളിൽ മുഴുകി, സ്വന്തം ജീവിതം നരകമാക്കുന്നു. അസംഖ്യം സിദ്ധന്മാരും, യോഗികളും, രാജാക്കന്മാരും, പക്ഷികളും, മൃഗങ്ങളും, സർപ്പങ്ങളും, മററു ജീവികളും, കല്ലുകളും, മരങ്ങളും, വായുവും, ജലവും, അഗ്നിയും, സൂർയ്യ-ചന്ദ്ര-നക്ഷത്രങ്ങളും, അസംഖ്യം ദേശങ്ങളും, അസംഖ്യം ദേവ-ദാനവ-യക്ഷ-കിന്നര-ഗന്ധർവന്മാരും, എല്ലാ സൃഷ്ടികളും ഈശ്വരൻ ഒരേ ചരടിൽ കോർത്തിരിക്കുന്നു. അനേകം ജീവികൾ സത്വ-രജസ്-തമോ ഗുണങ്ങളിൽ മുഴുകി, ചിലപ്പോൾ ദീർഘായുസ്സായും, ചിലപ്പോൾ അൽപായുസ്സായും, അനേകം പ്രാവശ്യം, ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു. അവയിലെല്ലാം അന്തർയാമിയായ പരമാത്മാ ശാശ്വതമാണ്. ഭൂലോകത്തിൽ ഉളള അനേകം ഭക്തന്മാരിൽ, ഈശ്വരൻെറ ജ്യോതി എപ്പോഴും വിളങ്ങുന്നു. അവർ ആനന്ദമയമായി, ജനനമരണ ഭയമില്ലാതെ, പ്രഭുവിൻെറ നാമസ്‍മരണം ചെയ്‍തു മുക്തി നേടുന്നു. ഓ, നാനൿ, ഈരേഴുപതിനാലുു ലോകങ്ങളുടേയും സൃഷ്‍ടികർത്താ, ആ അകാൽപുരുഷനല്ലാതെ വേറാരുമല്ല; ആ പ്രഭു ജലം,സ്ഥലം, ഭൂമി, ആകാശം എല്ലായിടത്തും ഉണ്ട്. ഈശ്വരൻെറ ആജ്ഞയാൽ ലോകങ്ങൾ സൃഷ്‍ടിക്കപ്പെട്ടു; പ്രളയകാലത്ത് എല്ലാ ലോകങ്ങളും അവനിൽ ലയിക്കുന്നു. അജ്ഞാനത്താൽ മനുഷ്യർ ലോഭികൾ ആകുന്നു; നിമിഷാനിമിഷം അവരുടെ മനസ്സ് അലഞ്ഞു തിരിയുന്നു. വനീതരായ ഭക്തജനങ്ങളെ ഈശ്വരൻ കടാക്ഷിക്കുന്നു; ഈശ്വരൻെറ കാരുണ്യത്താൽ അവർ പ്രസിദ്ധരാവുന്നു. ഈ ദേഹവും, ദേഹിയും ഈശ്വരൻെറ സ്വത്താണ്; ജീവികളെല്ലാം അവൻെറ അധീനത്തിൽ പ്രവർത്തിക്കുന്നു. ജീവികളെല്ലാം ചിലപ്പോൾ സുഖിക്കുന്നു, ചിലപ്പോൾ ദുഖിക്കുന്നു. ചിലപ്പോൾ ദുഷ്‍ടചിന്തകൾക്കും, ചിലപ്പോൾ സത്യചിന്തകൾക്കും, ചിലപ്പോൾ ആനന്ദനൃത്യത്തിലും, ചിലപ്പോൾ ഗാഢനിദ്രയിലും, ചിലപ്പോൾ ഉഗ്രകോപത്തിലും, ചിലപ്പോൾ നമ്രഭാവത്തിലും, ചിലപ്പോൾ രാജാവായും, ചിലപ്പോൾ യാചകനായും, ചിലപ്പോൾ പണ്ഡിതനായും, ചിലപ്പോൾ മൌനിയായും, ചിലപ്പോൾ തീർത്ഥയാത്രക്കാരനായും,ചിലപ്പോൾ സിദ്ധന്മാരായും, ചിലപ്പോൾ പുഴു, പാററ, ശലഭം, തുടങ്ങി ആന വരെയുളള അസംഖ്യം ദേഹങ്ങളിലും ജന്മം എടുത്ത്, ഈശ്വരൻെറ കൽപനപോലെ ജീവിക്കുന്നു. ഭക്തജനങ്ങളുടെ സത്‍ സംഗത്താൽ മനശ്ശാന്തിലഭിക്കുന്നു; വെളളത്തോടു വെളളം ചേരുന്നതു പോലേയും, പ്രകാശത്തോടു പ്രകാശം ചേരുന്നതു പോലേയും, ജീവാത്മാ പരമാത്മാവിനോടു ചേരുന്നു. അർത്ഥമെത്ര വളരെ ഉണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം. പത്തു കിട്ടുകിൽ നൂറുമതിയെന്നും, ശതമാകിൽ സഹസ്രം മതിയെന്നും; ആയിരം പണം കയ്യിൽ ഉണ്ടാകുമ്പോൾ അയുതമാകിൽ ആശ്‍ചര്യമെന്നതും; ആശയായുളള പാശമതിങ്കേന്നു വേറിടാതെ കരേറുന്നു മേൽക്കുമേൽ. ചത്തുപോം നേരം വസ്ത്രമതുപോലു- മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും! *(അയുതം = പതിനായിരം) { ശ്രീ പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയിൽ നിന്ന് } [ ഇതേ ജീവിതസത്യം ശ്രീ ഗുരു ഗ്രന്ഥ് സാഹിബിലെ, സുഖ്‍മണി സാഹിബിലും വർണ്ണിച്ചിരിക്കുന്നു.] സജ്ജനങ്ങളെ ദൂഷിക്കുന്നവരുടെ ജീവിതം സന്തോഷമില്ലാതെയും, ബുദ്ധിശൂന്യമായും, ശോഭയില്ലാതെയും, ദുഷ്‍ടചിന്തകൾ നിറഞ്ഞും, ദുരാശകളാൽ പീഢിതവും, പരോപദ്രവികളും, മനശ്ശാന്തി ഇല്ലാതെയും, രോഗപീഢിതവും, ആയി നീചരീതിയിലും, അൽപായുസ്സായും കഴിയുന്നു. ഓ, നാനൿ, നേത്രങ്ങളാൽ ഈശ്വരൻെറ സൃഷ്‍ടികളെ നോക്കു; ചെവികളാൽ ഈശ്വരൻെറ കീർത്തനങ്ങൾ കേൾക്കു; നാവിനാൽ ഈശ്വരൻെറ മധുരമായ നാമങ്ങൾ ജപിക്കു; കൈകളാൽ നല്ല കർമ്മങ്ങൾ എപ്പോഴും ചെയ്യു; പാദങ്ങളാൽ ഈശ്വരൻ കാണിച്ച വഴിയിൽ നടക്കു; മനസ്സിൽ ഈശ്വരൻെറ മഹിമകളെ സ്‍മരിക്കു; ഈശ്വരൻെറ സന്നിധിയിൽ നീ ആദരണീയനാവും! ഓ, നാനൿ, ഈശ്വരൻെറ മഹിമകളെ കീർത്തിക്കുന്നവർ ഈ ലോകത്തിൽ സംതൃപ്തരും, ധനവാന്മാരും, സത്യവാന്മാരും, ജന്മ മരണ ഭയങ്ങൾ ബാധിക്കാത്തവരും, പരോപകാരികളും, ആയി ജീവിച്ച് മുക്തി അടയുന്നു. സത്ഗുരുവിൻെറ കൃപയാൽ ആത്മജ്ഞാനം ലഭിച്ചവൻ സന്തുഷ്ടനും, രോഗമുക്തനും, ജനന-മരണ ഭയമില്ലാത്തവനും, ഗൃഹസ്ഥനായി ജീവിച്ചിരുന്നാലും, സുഖസമ്പന്നനായി, ഈശ്വരഭക്തിയിൽ ലയിച്ച് മുക്തി അടയുന്നു. സൃഷ്‍ടിയും, സംഹാരവും ഈശ്വരൻെറ ലീലകളാണ്; യാതൊരു ജീവിയും, സ്വയമേവ ജനിക്കുന്നില്ല, മരിക്കുന്നില്ല. എല്ലാ ജീവികളിലും, ജീവാത്മാവായി പ്രഭു വസിക്കൂന്നു; അവിനാശിയായ പ്രഭു സൃഷ്‍ടിച്ചതാണ് ബ്രഹ്മാണ്ഡം മുഴുവനും. ഓ, നാനൿ, നീ ചെയ്യുന്ന കർമ്മങ്ങളെ ഈശ്വരാർപ്പണമാക്കു; ഈശ്വരൻ തരുന്ന കർമ്മഫലങ്ങളെ സസന്തോഷം സ്വീകരിക്കൂ. ഈശ്വരനെ സർവ്വസമയവും മനസ്സിൽ സ്‍മരിക്കു, ഈശ്വരൻ ഭക്തജനങ്ങളെ സംരക്ഷിക്കുന്നു. ഓ, നാനൿ, നിൻെറ രൂപസൌന്ദർയ്യം ഈശ്വരൻ തന്നതല്ലേ? നിൻെറ സമ്പത്ത് സമൃദ്ധികൾ ഈശ്വരൻ തന്നതല്ലേ? നിൻെറ ശൌർയ്യവും, പരാക്രമവും ഈശ്വരൻ തന്നതല്ലേ? നീ പെയ്യുന്ന ദാനധർമ്മങ്ങൾ ഈശ്വരൻ തന്നതല്ലേ? നിൻെറ ദൃഢഗാത്രമായ ശരീരം ഈശ്വരൻ തന്നതല്ലേ? നിൻെറ സുഖമയമായ ജീവിതം ഈശ്വരൻ തന്നതല്ലേ? ഈശ്വരനെ നിൻെറ മനസ്സിൽ സ്ഥിരമായി പ്രതിഷ്‍ഠിക്കു! വീട്ടിൻെറ പുരയെ തൂണുകൾ താങ്ങി നിൽക്കുന്നതുപോലെ, സത്ഗുരുവിൻെറ ഉപദേശങ്ങൾ മനസ്സിനെ താങ്ങുന്നു. ഒരു കല്ലിനെ നദി കടത്താൻ, ഒരു തോണി വേണം; അതുപോലെ, സത്ഗുരുവിനെ ശരണം പ്രാപിച്ചവൻ, സംസാരസാഗരം എളുപ്പം തരണം ചെയ്യുന്നു. ദീപം അന്ധകാരത്തെ നീക്കി പ്രകാശം വരുത്തുന്നതുപോലെ, സത്ഗുരുവിൻെറ കടാക്ഷത്താൽ മനസ്സന്തോഷം ലഭിക്കുന്നു. ഘോരവിപിനത്തിൽ വഴി തെററിപ്പോയി കുടുങ്ങിയവന്ന്, ഒരു ഒററയടി പാത കണ്ടുകിട്ടുന്നതുപോലെ, ഈശ്വരനിലെ ഭക്തി മനസ്സിന്ന് മാർഗ്ഗദർശിയാവുന്നു. ഓ, നാനൿ, സർവ്വേശ്വരൻെറ രൂപവും, ഉത്ഭവസ്ഥാനവും, വാസസ്ഥാനവും, നിർമ്മലാവസ്ഥയും, സൃഷ്‍ടികളും, പ്രവർത്തികളും, ഉപദേശങ്ങളും, എല്ലാം സത്യമാണ്. ഈ സത്യങ്ങളെ അറിയുന്ന ഭക്തജനങ്ങൾ അവൻെറ നാമസ്‍മരണം ചെയ്‍തു മുക്തി നേടുന്നു. ഓ, നാനൿ, നാലു ദിശകളിലും അലഞ്ഞ് നീ തേടിയ ധനം ഈശ്വരനെ സേവിച്ചാൽ ലഭിക്കുമായിരുന്നു. നീ ആഗ്രഹിച്ച മനശ്ശാന്തിയും, പ്രശംസകളും, മററും, ഭക്തരുടെ സംഘത്തിൽ നിന്നും, സത്കർമ്മങ്ങളാലും ലഭിക്കും. ഔഷധങ്ങളാൽ നീങ്ങാത്ത രോഗങ്ങൾ, ഈശ്വരൻെറ നാമജപത്താൽ നീങ്ങും. എല്ലാ സമ്പത്തുകളേക്കാളും ശേൃഷ്‍ടമായത്, ഈശ്വരൻെറ നാമം മനസ്സിൽ സ്ഥാപിക്കുന്നതാണ്. ഓ, നാനൿ, ഈ കലിയുഗത്തിൽ രാമനാമം മനശ്ശാന്തി നൽകുന്നു; മനസ്സിലെ ഭീതികളെ അകററി, ആശകളെ പൂർത്തിയാക്കുന്നു. രാമനാമജപത്താൽ മരണഭയം അകന്നുപോവുന്നു. ഹേ, ഗോവിന്ദാ! ഹേ, ഹോപാലാ! ഹേ, സർവ്വവവ്യാപി! ഹേ, ക്ഷമാശീലനായ പ്രഭോ! ഹേ, അനാഥരക്ഷകാ! ഹേ, ഭക്തരക്ഷകാ! ഹേ, ദയാസമുദ്രമേ! ഹേ, സർവ്വജീവങ്ങളേയും രക്ഷിക്കുന്നവനേ! ഹേ, സകലലോകങ്ങളുടേയും സൃഷ്‍ടികർത്താവേ! ഏതൊരുവൻ അങ്ങയുടെ ദിവ്യനാമങ്ങൾ ഭക്തിഭാവത്തോടെ ജപിച്ച്, ശരണം അഭ്യർത്ഥിക്കുന്നുവോ, അവൻെറ ജീവിതം പവിത്രമാവുന്നു. ഏതൊരുവൻ അൽപസമയം പോലും നാമജപം ചെയ്താൽ, അവൻെറ ജീവിതം സുഖമയവും, ശാന്തിപൂർവ്വവും, സമ്പൽസമൃദ്ധവും, ആയി ഭവിക്കുന്നു. ആദ്യം ഈശ്വരൻ ലോകങ്ങളെ സൃഷ്‍ടിക്കുന്നതിന്ന് മുമ്പിൽ, ആരായിരുന്നു ബന്ധിതൻ, ആരായിരുന്നു മുക്തൻ? എപ്പോൾ പ്രഭു മാത്രമേ ഉണ്ടായിരുന്നുവോ, ആരായിരുന്നു സ്വർഗ്ഗത്തിലോ, നരകത്തിലോ വസിച്ചിരുന്നത്? എപ്പോൾ പ്രഭു നിർഗ്ഗുണൻ ആയിരുന്നുവോ, സത്വ-രജസ്-തമോ ഗുണങ്ങളെ സൃഷ്‍ടിച്ചിട്ടില്ലയോ, ആരായിരുന്നു മായാമോഹങ്ങളിൽ കുടുങ്ങിയത്? എപ്പോൾ പ്രഭു സ്വയം ജ്യോതി സ്വരൂപനായിരുന്നുവോ, ആരായിരുന്നു ഭയരഹിതൻ, ആരായിരുന്നു ഭയഗ്രസ്ഥൻ? ഓ, നാനൿ, അകാലപുരുഷൻ ആദി-അന്തം ഇല്ലാതെയിരുന്നു, സർവ്വസമയവും തൻെറ മഹിമകളെ ആസ്വാദിച്ചിരുന്നു. അവിനാശി പ്രഭു സമാധിയിൽ ഇരുന്നപ്പോൾ, സൃഷ്‍ടി-സ്ഥിതി-സംഹാരങ്ങൾ ഉണ്ടായിരുന്നുവോ? എപ്പോൾ പ്രഭു മാത്രമേ സൃഷ്‍ടികർത്താവായിരുന്നുവോ, ആർക്കാണ് മൃത്യുഭയം ഉണ്ടായിരുന്നത്? എപ്പോൾ പ്രഭു മാത്രമേ രൂപം ഇല്ലാത്ത ജ്യോതിയായിരുന്നുവോ, ജീവികളുടെ കർമ്മഫലങ്ങൾ കുറിക്കുന്ന ചിത്രഗുപ്‍തൻ എവിടെ? ഓ, നാനൿ, നിർഗുണരൂപനായ പ്രഭു സൃഷ്‍ടിക്കുന്നതിന്നു മുമ്പിൽ സ്വയം പാപരഹിതനും, മായാരഹിതനും, വാസനാരഹിതനും, അഹങ്കാരരഹിതനും, സ്വയം പ്രകാശിതനും, ആദിയും അന്തവും ഇല്ലാത്തവനും ആയിരുന്നു. ഓ, നാനൿ, ഭക്തസംഘത്തിൽ ചേർന്ന്, ഈശ്വരൻെറ മഹിമകളെ കീർത്തിക്കു; ഈശ്വരൻെറ നാമങ്ങളെ സ്മരിക്കു; സത്ഗുരുവിൻെറ ഉപദേശങ്ങളെ ഓർക്കു; നിൻെറ ഈ മനുഷ്യ ജന്മം സഫലമാക്കു. സുഖ്‍മണി നിത്യം പാരായണം ചെയ്യുന്നവന്ന്, ധർമ്മ-അർത്ഥ-കാമ-മോക്ഷങ്ങൾ എല്ലാം ലഭിച്ച്, ജനന-മരണ ഭയം അകന്നുപോവുകയും, മനസ്സിന്ന് സുഖവും, ശാന്തിയും ലഭിക്കുകയും ചെയ്യും! ****************************** സുഖ്‍മണി സാഹേബ് സമാപ്തം. ~~~~~~~~~~~~~~~~~~~~~~

Table of Contents
One chapter as a whole

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.